GEOLOGY
ജന്‍മി-കുടിയാന്‍ ബന്ധം നിലനിന്നിരുന്ന പ്രദേശമാണ് വരവൂര്‍ ഗ്രാമം. കാര്‍ഷികബന്ധബില്ലും തുടര്‍ന്നുവന്ന ഭൂപരിഷ്ക്കരണനിയമവും ഈ സമ്പ്രദായത്തെ തുടച്ചുനീക്കി. പാട്ടഭൂമിയില്‍ പണിയെടുത്തിരുന്ന കര്‍ഷകര്‍ ഭൂവുടമകളായി മാറി. കൈയ്യടക്കിവച്ചിരുന്ന ഭൂമികളും അധികാരപ്രമത്തതയും കൈവിട്ടുപോകുമെന്ന അവസ്ഥ വന്നപ്പോള്‍, ജന്‍മികളില്‍ മിക്കവരും ഗ്രാമം വിട്ട് അയല്‍ജില്ലകളിലേക്കും മദ്രാസ്, ബോംബെ തുടങ്ങിയ നഗരങ്ങളിലേക്കും താമസം മാറ്റി. പ്രാചീന കൃഷിസമ്പ്രദായം ഇന്നത്തെ തലമുറക്ക് പരിചിതമല്ല. കന്നുകാലികളെ ഉപയോഗിച്ച് നിലം ഉഴുതും, ജലസേചനത്തിന് തുലാം, കാളത്തേക്ക്, കയറ്റുകൊട്ട, ചക്രം എന്നിവ ഉപയോഗിച്ചുമാണ് അക്കാലത്തെ കര്‍ഷകര്‍ കൃഷി ചെയ്തിരുന്നത്. അന്ന് സുലഭമായി ലഭിച്ചിരുന്ന പച്ചിലവളവും, കന്നുകാലിവളവും, വനപ്രദേശങ്ങളില്‍ നിന്നും മലവെള്ളം ഒഴുക്കിക്കൊണ്ടുവരുന്ന വളക്കൂറും ഫലപുഷ്ടിയുമുള്ള മണ്ണും കൃഷിയെ പുഷ്ടിപ്പെടുത്തുന്നതിന് ഏറെ സഹായിച്ചിരുന്നതുകൊണ്ടുതന്നെ കൃഷിയില്‍നിന്ന് കര്‍ഷകന് നല്ല വിളവും ലഭിച്ചിരുന്നു. ഇന്നത്തെ കീടനാശിനികളൊന്നും ഇല്ലാത്ത അക്കാലത്ത് ഓലപ്പുഴുവിനെ അകറ്റാന്‍ അവര്‍ മുറംകൊണ്ട് വീശുകയും, ഓലചുരുട്ടിപ്പുഴുവിനെ അകറ്റാന്‍ തൊരടിമുള്ളിട്ട് വലിക്കുകയും ചെയ്തിരുന്നു. തവളക്കണ്ണന്‍, കട്ടമോടന്‍, ആര്യന്‍, വെള്ളക്കഴമ. മുണ്ടകന്‍കുട്ട, കോലി തുടങ്ങിയ നാടന്‍വിത്തുകള്‍ ഉപയോഗിച്ച് ലാഭകരമായി കൃഷി നടത്തിയിരുന്നു. കന്നുകാലികളുടെ സ്ഥാനത്ത് ട്രാക്ടറുകളും പവ്വര്‍ടില്ലറുകളും ഇന്ന് സ്ഥാനം പിടിച്ചുകഴിഞ്ഞു. മെതിക്കാന്‍ മെതിയന്ത്രവും, ഓലപ്പുഴുവിനേയും മറ്റു കീടങ്ങളേയും അകറ്റാന്‍ ശക്തിയേറിയ കീടനാശിനികള്‍ അടിക്കുന്ന കുറ്റിപ്പമ്പുകളും, പുതിയ സങ്കരയിനം നെല്‍വിത്തുകളും രംഗത്തെത്തി. വെള്ളം തേവുന്ന സമയത്തും, ഞാറ് നടുമ്പോഴുമൊക്കെ കേള്‍ക്കാമായിരുന്ന അടിയാളരുടെ താളാത്മകമായ നാടന്‍ പാട്ടുകള്‍ കേള്‍ക്കാതായി. പഞ്ചായത്തിലെ പ്രധാന കൃഷികളായിരുന്ന മരച്ചീനി, ചക്കരക്കിഴങ്ങ് എന്നിവ വിവിധ കാരണങ്ങളാല്‍ അപ്രത്യക്ഷമായി. മിക്കവാറും ആ സ്ഥലങ്ങളില്‍ ഇന്ന് റബ്ബര്‍ സ്ഥാനം പിടിച്ചുകഴിഞ്ഞിരിക്കുന്നു. പഞ്ചായത്തിലെ ഭൂമിയില്‍ പകുതിയോളം നെല്‍പ്പാടങ്ങളാണ്. റബ്ബര്‍, തെങ്ങ്, കമുക്, കുരുമുളക്, പച്ചക്കറികള്‍, ഇഞ്ചി, നേന്ത്രവാഴ, മറ്റു വാഴകള്‍, മരച്ചീനി എന്നിവയാണ് പ്രധാനകൃഷികള്‍. മുമ്പ് വന്‍തോതില്‍ മരച്ചീനിയും, മധുരക്കിഴങ്ങും കൃഷിചെയ്തിരുന്ന പ്രദേശങ്ങള്‍ ഇപ്പോള്‍ റബ്ബര്‍തോട്ടങ്ങളായി മാറിക്കഴിഞ്ഞു. ഈ പഞ്ചായത്ത് ദേശമംഗലം, തിരുമിറ്റക്കോട്, വള്ളത്തോള്‍നഗര്‍, എരുമപ്പെട്ടി, മുള്ളൂര്‍ക്കര എന്നീ പഞ്ചായത്തുകള്‍ക്കിടയിലായി സ്ഥിതിചെയ്യുന്നു. പഞ്ചായത്തില്‍ എവിടെ നോക്കിയാലും ചെറിയ കുന്നുകളും, കുന്നിന്‍ചെരിവുകളും, സമതലപ്രദേശങ്ങളും, പച്ചപുതച്ച നെല്‍പ്പാടങ്ങളും കാണാവുന്നതാണ്. ഈ പഞ്ചായത്തിന്റെ തെക്ക്, കിഴക്ക്, ഭാഗങ്ങളില്‍ നിന്നും തുടങ്ങി കുമരപ്പനാല്‍ ഭാഗത്ത് സന്ധിച്ച് പഞ്ചായത്തിനെ തൊട്ടുരുമ്മി പടിഞ്ഞാറോട്ടൊഴുകി തിരുമിറ്റക്കോട് പഞ്ചായത്തില്‍ കൂടി ഭാരതപ്പുഴയില്‍ ചെന്നുചേരുന്ന ഒരു തോടും, ഏകദേശം ഇരുപത്തിമൂന്ന് കുളങ്ങളുമാണ് ഇവിടുത്തെ ജലസ്രോതസ്സുകള്‍. പഞ്ചായത്തിന്റെ വടക്ക്, കിഴക്ക്, തെക്ക് ഭാഗങ്ങള്‍ വനപ്രദേശമാണ്. ഒരു കാലത്ത് വന്യമൃഗമേഖലയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന ഇവിടം പുലി, കാട്ടുപന്നി മുതലായ വന്യജീവികളുടെ വിഹാരകേന്ദ്രമായിരുന്നു. അതിന്റെ അവശിഷ്ടമായി പുലിമടപ്പറമ്പ് എന്ന സ്ഥലത്ത് നരിമട(ഗുഹ) കാണാവുന്നതാണ്. ഇപ്പോഴും വരവൂരിലെ കാടുകളില്‍ മയില്‍, കാട്ടുപന്നി, മാന്‍, കുരങ്ങ് എന്നീ ജീവികളെ കാണാം. തെക്കുഭാഗത്തുള്ള വനപ്രദേശത്ത് കണ്ടന്‍ചിറയിലുള്ള ഒലിച്ചിവെള്ളച്ചാട്ടം വളരെ മനോഹരമാണ്. ജനങ്ങളില്‍ കൂടുതലും കൃഷിക്കാരും, കര്‍ഷകത്തൊഴിലാളികളുമാണ്. വിസ്തൃതിയില്‍ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും ഭൂരിപക്ഷം കുടുംബങ്ങളും സ്വന്തമായി ഭൂമിയുള്ളവരാണ്. കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിനിടയില്‍ ജനങ്ങളുടെ ജീവിതരീതിയില്‍ പ്രകടമായ വ്യത്യാസം വന്നിട്ടുണ്ട്. കൂടുതല്‍പേരുടേയും ജീവിതനിലവാരം മെച്ചപ്പെട്ടു. ജാതിവ്യവസ്ഥയുടെ നീരാളിപ്പിടുത്തത്തിന് അയവു വന്നിരിക്കുന്നു. വരവൂര്‍ കപ്ളിങ്ങാട്ട് മനയുടെ വിറകുപുരയില്‍ ആരംഭിച്ച പ്രൈമറി സ്ക്കൂളാണ് ഇന്നത്തെ ഗവ:ഹൈസ്ക്കൂളായി മാറിയത്. ഹൈസ്ക്കൂളില്‍ നിന്നും എല്‍.പി.സ്ക്കൂളിനെ പിന്നീട് വേര്‍തിരിക്കുകയായിരുന്നു. ജനങ്ങള്‍ സമാധാനപ്രിയരും, ആതിഥ്യമര്യാദ കാണിക്കുന്നവരുമാണ്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരും, അതിന്റെ പേരില്‍ പെന്‍ഷന്‍ ലഭിച്ചവരുമായ വ്യക്തികള്‍ ഈ പഞ്ചായത്തിലുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ തന്നെ വരവൂര്‍ പഞ്ചായത്തില്‍ ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചു. 1935-ല്‍ ഏഴിക്കര നാരായണന്‍ മൂസ്സത് മെമ്മോറിയല്‍ എല്‍.പി.സ്ക്കൂള്‍ തളിയില്‍ സ്ഥാപിച്ചു. ഇന്നാട്ടുകാരായ ജനങ്ങളുടെ പ്രയത്നഫലമായി ഒരു ആശുപത്രിക്കുവേണ്ടി ഒരേക്കര്‍ സ്ഥലവും ഒരു കെട്ടിടവും വാങ്ങി സര്‍ക്കാരിനെ ഏല്‍പ്പിച്ചതിനുശേഷം 1981-ല്‍ ഇവിടെ ഒരു പ്രൈമറി ഹെല്‍ത്ത് സെന്റർ ആരംഭിക്കുകയുണ്ടായി.